Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമം നിയമസഭയിൽ ‘തെളിയിച്ച്’ ആം ആദ്മി പാർട്ടി

evm ആം ആദ്മി പാർട്ടി എംഎൽഎ സൗരഭ് ഭരദ്വാജ് ഡൽഹി നിയമസഭയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുമായി ബന്ധപ്പെട്ട കൃത്രിമം തെളിയിക്കുന്നു.

ന്യൂഡൽഹി ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ (ഇവിഎം) കൃത്രിമം ഡൽഹി നിയമസഭയിൽ ‘തെളിയിച്ച്’ ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ എഎപി എംഎൽഎ സൗരഭ് ഭരദ്വാജാണ് വോട്ടിങ് യന്ത്രവുമായി നിയമസഭയിൽവന്നത്. വോട്ടിങ് യന്ത്രത്തിൽ ഒരു രഹസ്യ കോഡ് നൽകിയാൽ പോൾ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് കിട്ടുമെന്ന് ഭരദ്വാജ് യന്ത്രം പ്രവർത്തിപ്പിച്ച് കാണിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി ഇതാണ് ചെയ്തതെന്ന് ഭരദ്വാജ് ആരോപിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുരക്ഷാ പരിധിക്കു പുറത്തുള്ള ഒരു വോട്ടിങ് യന്ത്രവും തങ്ങളുടേതല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഭരദ്വാജ് ഉപയോഗിച്ച യന്ത്രം തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ല.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ഇടപെടൽ നടത്തി തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നത് എങ്ങനെയാണെന്നും സൗരഭ് ഭരദ്വാജ് നിയമസഭയിൽ വിശദീകരിച്ചു.

എഎപി (10), ബിഎസ്പി (2), ബിജെപി (3), കോൺഗ്രസ് (2), എസ്പി (2) എന്നിങ്ങനെയാണ് പരീക്ഷണ വോട്ടിങ്ങിൽ പാർട്ടികൾ പോൾ ചെയ്ത വോട്ട്. എന്നാൽ, ഇവിഎമ്മിൽ വന്ന ഫലം അനുസരിച്ച് ബിജെപിക്ക് മാത്രം 11 വോട്ടും മറ്റുള്ളവർക്ക് കേവലം രണ്ട് വോട്ടുകളുമാണ് ലഭിച്ചത്. ഒരു പ്രത്യേക കോഡ് ഉപയോഗിച്ചാണ് വോട്ടിങ് യന്ത്രം പ്രവർത്തിക്കുന്നതെന്നും ഇതിലാണ് കൃത്രിമത്വം നടത്തുന്നതെന്നും എഎപി എംഎൽഎ വിശദീകരിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ വോട്ടിങ് മെഷിനിലെ കൃത്രിമം കാരണം ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കുകയാണ്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തണം. പത്തുവർഷമായി താൻ ഈ മേഖലയിൽ പ്രവർത്തിക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ ഏതു ശാസ്ത്രജ്ഞനെയും വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിഎം മെഷിന്റെ മദർബോർഡിലുള്ള ഇടപെടലുകൾ ആണ് വോട്ടുകൾ ഒരു പാർട്ടിയിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ കാരണം.

ഇങ്ങനെ പോയാൽ ജനാധിപത്യം നിലനിൽക്കില്ല. ഹാക്ക് ചെയ്യാൻ സോഫ്റ്റ്‌വെയർ നിർമ്മിച്ചയാളെക്കാൾ മിടുക്കനായ ഹാക്കർ വേണം. മനുഷ്യൻ നിർമിച്ച ഏത് ഉപകരണവും മനുഷ്യനെക്കൊണ്ട് ഹാക്ക് ചെയ്യാൻ സാധിക്കും. ഇവിഎം മെഷിനുകൾ നിർമിച്ച രാജ്യങ്ങൾ ഇപ്പോൾ വീണ്ടും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്– സൗരഭ് പറഞ്ഞു.

എന്നാൽ, ഡൽഹി നിയമസഭയിൽ എഎപി എംഎൽഎ ജനാധിപത്യത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് ബിജെപി കുറ്റപ്പെടുത്തി. അരവിന്ദ് കേജ്‍രിവാളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽനിന്നും ശ്രദ്ധതിരിക്കാനാണ് എഎപിയുടെ ശ്രമമെന്നും ബിജെപി കുറ്റപ്പെടുത്തി. നിയമസഭയിൽ ബഹളം വച്ചതിന് ബിജെപി എംഎൽഎ വിജേന്ദർ ഗുപ്തയെ ഒരു ദിവസത്തേക്ക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായി വ്യാപക പരാതി ഉയർന്നതോടെ ബാലറ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്നു 16 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ആവശ്യപ്പെട്ടിരുന്നു. ഇവിഎമ്മിൽ കൃത്രിമം കാട്ടാനാവില്ലെന്നു തെളിയിക്കാൻ ഈ മാസാവസാനം സാങ്കേതിക വിദഗ്ധർ അടക്കം പങ്കെടുക്കുന്ന ഹാക്കത്തോൺ ഡൽഹിയിൽ നടത്താനും തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപിക്കു അനുകൂലമായി വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് ആദ്യം ആക്ഷേപമുന്നയിച്ചത്. പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതിയെ കണ്ടു പരാതി നൽകുകയും ചെയ്തു. ഇത്തരം നടപടികൾക്ക് പിന്നാലെയാണ് എഎപി തന്നെ കൃത്രിമം തെളിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.